പഞ്ചാര മിഠായി....

പഞ്ചാര മിഠായി... കുറേ മധുരമുള്ള ഓര്‍മ്മകളാണ്...

Saturday, January 27, 2007

ശബ്ദം.....

ശബ്ദത്തിനെക്കുറിച്ചു എന്തെഴുതാന്‍ എന്നാ‍ണോ നിങ്ങളൊക്കെ വിചാരിക്കുന്നത് ?... എന്നാ‍ല്‍ ശബ്ദവും ഒരു വിഷയമാണെന്നു ഞാന്‍ കുറച്ചു ദിവസം മുന്‍പാണു മനസ്സിലാക്കിയത്...
ഇനി വിഷയത്തിലേക്കു വരാം. ഞാന്‍ പാടുമ്പോള്‍, യേശുദാ‍സു പാടുന്ന പോലെയൊക്കെ തോന്നിയിരുന്നു... അപ്പോള്‍ വിചാരിച്ചു, നമ്മുടെ ശബ്ദവും ഒരു സംഭവമാണെന്ന്.. ഓഫീസിലെ ചില പരിപാടികളില്‍ ഞാനും ഒരു ഗായകനായി വിലസി.... സത്യം പറയാമല്ലോ ! ഞാനും അന്തംവിട്ടിട്ടുണ്ട്, നമ്മുടെ ശബ്ദം കേട്ടിട്ട് !! എന്തൊരു ഗാംഭീര്യം... അങ്ങിനെ ഇതുവരെ സന്തോഷിച്ചിക്കുകയായിരുന്നു....
അങ്ങിനെ ഇരിക്കുമ്പോഴാണ്... ജര്‍മ്മനി എന്ന നാട്ടിലെക്കൊരു പറിച്ചു നടല്‍... വെറുതെ, സായിപ്പിനെ പറ്റിക്കാന്‍... അതും ഒറ്റയ്ക്ക്... ഒരു ജയിലില്‍ ഇട്ട പോലെ കുറേ നാള്... സായിപ്പിന്റെ നാട്ടിലെ കുറച്ചു സംഭവങ്ങള്‍ ഒപ്പിയെടുക്കാന്‍ വേണ്ടി ഒരു ക്യാമറ ഇല്ല എന്നത് അവിടെ ചെന്നപ്പോഴാണ് മനസ്സിലാക്കിയത്... എന്തെങ്കിലും ആവട്ടെ, ഒരെണ്ണം വാങ്ങി, ഫോട്ടോകള്‍ മാത്രമല്ല, വീഡിയോയും നമുക്കു പിടിക്കാം.. അതുംകൊണ്ട് അങ്ങിനെ വിലസി നടക്കുന്ന കാലം.. സായിപ്പിന്റെ ഏതു പരിപാടിക്കു പോയാലും, നമ്മുടെ സഹചാരിയായി ക്യാമറ വിലസി... അങ്ങിനെ ഇരിക്കുമ്പോള്‍ ഒരു പാര്‍ട്ടി... സായിപ്പിന്റെ കൂടെ, കാറില്‍ പാര്‍ട്ടിക്കുള്ള യാത്രയിലായിരുന്നു... അതൊരു ഒക്ടോബര്‍ മാസമാണ്, ജര്‍മ്മനിയില്‍ മഞ്ഞുകാലം തുടങ്ങാന്‍ ഉള്ള ഒരുക്കമാണ്, മരങ്ങളൊക്കെ ഇലകളൊക്കെ പൊഴിക്കുകയാണ്.. ആകെ, ഒരു മഞ്ഞനിറം... കമ്പ്യൂട്ടറിന്റെ വാള്‍പേപ്പര്‍ ഇടാന്‍ വരുന്ന ചില ചിത്രങ്ങള്‍ പോലെ, ക്യാമറ എടുത്ത് അതിന്റെ വീഡിയോ പിടിക്കം എന്നു വെച്ചു, ക്യാമറ എടുത്ത് അതൊക്കെ പകര്‍ത്താന്‍ തുടങ്ങി. ആ സമയത്തൊക്കെ സായിപ്പ് നമ്മളോടു എന്തൊക്കെയോ സംസാരിക്കുന്നുണ്ട്, പക്ഷെ നമ്മുടെ ശ്രദ്ധ, പടം പിടിക്കുന്നതിലാണ്... അങ്ങിനെ പാര്‍ട്ടി ഒക്കെ ഗംഭീരമാക്കി, ക്ഷീണിച്ച് റൂമിലെത്തി.... എന്തായാലും ക്യാമറയിലെ, പിടിച്ച വീഡിയോകളും, ചിത്രങ്ങളും കമ്പ്യൂട്ടറിലേക്കു മാറ്റാന്‍ തീരുമാനിച്ചു. എല്ലാം മാറ്റിയ ശേഷം, ഓരോന്നായി കാണാന്‍ തുടങ്ങി... അങ്ങിനെ, നമ്മുടെ പ്രകൃതിരമണീയത എത്തി.... വീഡിയോയില്‍ ആരൊക്കെയോ സംസാരിക്കുന്നു... ശബ്ദം കൂട്ടി, അതൊന്നു കൂടി ശ്രദ്ധിച്ചു... അയ്യേ...ഇതാരാണ് സായിപ്പിനോടു സംസാരിക്കണത്... ഒരു വൃത്തികെട്ട ശബ്ദം... ഇതാണോ എന്റെ ശബ്ദം... അപ്പോള്‍, യേശുദാസ് എന്നൊക്കെ വിചാരിച്ചത്....???..!!!!
പിന്നീട്, ഒരു സുഹൃത്തിനോടു ചോദിച്ചു മനസ്സിലാക്കി... എന്റെ ബ്ലോഗു സുഹൃത്തുക്കളുടെ അറിവിലേക്കായി അതിവിടെ കുറിക്കുന്നു....
നമ്മള്‍ സംസാരിക്കുമ്പോള്‍ നമ്മുടെ ശബ്ദം പല വഴികളില്‍ കൂടി ചെവിയിലെത്തുന്നു, നേരിട്ടും അല്ലാതെയും.. ഈ നേരിട്ടല്ലാതെ എത്തുന്ന ശബ്ദത്തിന്റെ കാര്യമാണു രസം... അതു നമ്മുടെ ശരീരത്തിനകത്തുകൂടി തന്നെയാണത്രെ ചെവിയിലെത്തുന്നത്, ചെവിയും വായും മൂക്കും ഒക്കെ ബന്ധിപ്പിക്കുന്ന ഒരു വഴിയുണ്ടെന്നു ഓര്‍മ്മിക്കുമല്ലോ ?.. ആ ശബ്ദവും നേരിട്ടെത്തുന്നതും കൂടിച്ചേര്‍ന്നാണു നമ്മള്‍ കേള്‍ക്കുന്നത്... അതാണു ശബ്ദ വ്യത്യാസം...

വാല്‍ക്കഷണം...:: കൂട്ടുകാരെ, നിങ്ങളും നിങ്ങളുടെ ശബ്ദം ഒന്നു റെക്കോര്‍ഡ് ചെയ്ത് കേട്ടു നോക്കൂ....

Friday, November 03, 2006

എന്റെ സാഹിത്യ പുരാണം.....

കുറേ നാളായി ബ്ലോഗ്‌.. ബ്ലോഗ്‌.. എന്നു കേള്‍ക്കുന്നു... അതൊന്നു അറിഞ്ഞിട്ടു തന്നെ കാര്യം എന്നു കരുതിയാണു.. ഒരു ബ്ലോഗ്‌ സൈറ്റില്‍ കയറിയത്‌... നിറയെ... ബ്ലോഗിന്റെ ഒരു തോരന്‍ തന്നെ... വായിച്ചു... വായിച്ചു... കുറേ നാളുകഴിഞ്ഞപ്പോഴാണു നമുക്കൊരെണ്ണം ആയാലെന്താണെന്നു.. തോന്നിയത്‌.. സകലമാന... ദൈവങ്ങളേയും മനസ്സില്‍ വിചാരിച്ചു തുടങ്ങി.... അതിപ്പോ... ഇവിടെ വരെ... എത്തിനില്‍ക്കുന്നു..
പണ്ടു ഒരു നോവല്‍ വായിച്ചപ്പോള്‍... മുഖവുരയില്‍ കണ്ടു.. ആ രചയിതാവിനോടു.. ഒരു പ്രമുഖ സാഹിത്യകാരന്‍ പറഞ്ഞത്രെ.."നിങ്ങള്‍.. ഇന്ദുലേഖ വായിച്ചിട്ടുണ്ടോ..? എന്ന്... അതു വായിക്കാതെയാണോ.. ഇതു എഴുതിയത്‌ ?!!! പിന്നെങ്ങിനെയാണു... നിങ്ങള്‍ക്കിതെഴുതാന്‍ പറ്റിയത്‌ ?...." "അപ്പോള്‍.. ചന്തുമേനോന്‍ എന്തു വായിച്ചിട്ടാണു... ഇന്ദുലേഖ എഴുതിയതെന്നു... അയാള്‍ തിരിച്ചു ചോദിച്ചത്രെ !!" രണ്ടുപേരും.. ഇന്നു അറിയപ്പെടുന്നവരായതു കൊണ്ടു അവരുടെ പേരു പറയുന്നത്‌... എന്റെ ആരോഗ്യത്തിനും.. മറ്റുപലതിനും ഹാനികരമായതു കൊണ്ടും... കഥ ഇവിടെ നിര്‍ത്തുന്നതണു നല്ലത്‌...
അപ്പോള്‍ പറഞ്ഞു വന്നത്‌... ഞാന്‍ എഴുതി തുടങ്ങിയ കാര്യം... മുകളില്‍ പറഞ്ഞ സംഭവം മനസ്സിലുള്ള കാരണം.. ആദ്യ മലയാളി ബ്ലോഗര്‍ക്കു വേണ്ടി... ഞാന്‍ ഈ വലയില്‍ കുറേ തിരഞ്ഞു.. പക്ഷെ കണ്ടില്ല... പിന്നെ കുറേ..മുതിര്‍ന്നവരുടെ(ബ്ലോഗര്‍മാരില്‍ സീനിയേഴ്സ്‌) ബ്ലോഗൊക്കെ വായിച്ചു.. നീക്കി...ബ്ലോഗില്‍ വരുന്ന കഥകളും.. ലേഖനങ്ങളും.. ഇവിടെ.. ഹിറ്റ്‌ലറുടെ നാട്ടില്‍ വന്ന ശേഷമാണു ശരിയ്ക്കു വായിച്ചു തുടങ്ങുന്നത്‌...
മറ്റു പലരേയും പോലെ.. പൂര്‍വ്വകാലത്തില്‍ ഞാനും.. കുറേ..പൈസ സ്റ്റാമ്പിനു വേണ്ടി കളഞ്ഞിട്ടുണ്ട്‌.., മാതൃഭൂമി ആഴ്ചപതിപ്പിലെ... ആ 'കുട്ടേട്ടനെ' കയ്യില്‍ കിട്ടാന്‍ വേണ്ടി.. നടന്നിട്ടുണ്ട്‌. പക്ഷെ മിക്കവരേയും പോലെ... എന്റേയും നടന്നില്ല... ഇപ്പോള്‍ സമാധാനമുണ്ട്‌... ഒരു കൃതിയെങ്കിലും സ്ക്രീന്‍(വെളിച്ചം കാണുക എന്നത്‌ ഇവിടെ പറയാന്‍ പറ്റില്ലലോ... ) കണ്ടല്ലോ!...
പണ്ടു സ്കൂളില്‍ പഠിക്കുമ്പോള്‍, യൂത്ത്‌ഫെസ്റ്റിവെലിനുള്ള കഥ, ഗദ്യ രചനകള്‍ക്കു മല്‍സരിച്ചിരുന്നു.. കവിതയില്‍ ഒരു പിടിപാടില്ലാത്ത കാരണം, അതിനു പോയില്ല.. എന്റെ ക്ലാസിലെ വേറെ രണ്ടു പേരായിരുന്നു മറ്റുള്ള മത്സരാര്‍ത്ഥികള്‍. മൂക്കില്ലാ രാജ്യത്തെ മുറിമൂക്കനായതു കൊണ്ടു.. രണ്ടിനും സമ്മാനം കിട്ടി. പിന്നെ എന്തോ... സ്കൂള്‍ മാഷന്മാര്‍ അടുത്ത തലത്തിലോട്ട്‌ വിട്ടില്ല..! സ്കൂളിന്റെ അഭിമാനം ഓര്‍ത്തിട്ടാവും..ഈ പാരമ്പര്യവും പരിചയവും കൊണ്ടാണു കോളേജില്‍ വന്നത്‌... രണ്ടാം ഭാഷ മലയാളം എടുക്കണം എന്നത്‌ അച്ഛന്റെ അഭിപ്രായമായിരുന്നു...
ഇതുവരെ.. എന്റെ പഠിപ്പിന്റെ കാര്യത്തില്‍ അച്ഛന്‍ ഈ ഒരു കാര്യം മാത്രമേ ആകെ ആവശ്യപ്പെട്ടിട്ടുള്ളൂ... ബാക്കി ഇതുവരെ... എല്ലാം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍, എനിക്കും അനിയനും തന്നിട്ടുണ്ട്‌... ഞങ്ങള്‍ തിരഞ്ഞെടുത്ത വഴികളില്‍ പലതിലും... മറ്റുള്ള എല്ലാവരും എതിര്‍ത്തപ്പോഴും.. പരിപൂര്‍ണ്ണ സമ്മതവും പിന്തുണയും തന്നിട്ടുണ്ട്‌... അതുകൊണ്ടുതന്നെ ഞങ്ങള്‍ രണ്ടുപേരും ഇന്നു എവിടെ എത്തിയിട്ടുണ്ടോ... അതു ആ സമ്മതങ്ങള്‍ കൊണ്ടു മാത്രമാണ്‌...
പിന്നെ, പറഞ്ഞു വന്ന കാര്യം.. പ്രീഡിഗ്രി എന്ന വലിയ ഡിഗ്രിക്കു ചേര്‍ന്നതാണ്‌. അവിടെ മലയാളം പ്രൊഫസര്‍ ഒരു ദിലീപ്‌ സര്‍ ആണ്‌. സാറിനു എന്തോ ആദ്യമേ തന്നെ നമ്മളെ അങ്ങു പിടിച്ചു... എന്റെ ഭാഗ്യവും... പിന്നെ.. ഒരു കലദോഷവും(അക്ഷര പിശകല്ല!)...ആ വര്‍ഷത്തെ കോളേജ്‌ മാഗസിനു എന്റെ ഒരു കഥ വേണം എന്നു സാറിനു നിര്‍ബന്ധം..
നമ്മളു... സ്കൂളില്‍, കലാ വിഷയങ്ങളില്‍ ഒരു 'സംഭവം' ആണെന്നു ഞാന്‍ ഒരു വെയ്റ്റ്‌ കിട്ടാന്‍ വേണ്ടി അതിനിടയില്‍ എപ്പോഴോ സാറിനോടു കലക്കിയിരുന്നു... അതാണു... സാറിനു ഇത്ര നിര്‍ബന്ധം... ഞാനും... പിന്നെ സഹപാഠി മധുവും ചേര്‍ന്നു ഒരുമിച്ചെഴുതാം എന്നു തീരുമാനിച്ചു.
ഒരാഴ്ചത്തെ കഠിന ശ്രമത്തിനൊടുവില്‍ നമ്മള്‍ പണി പറ്റിച്ചു... നേരെ തന്നെ.. മാഗസിന്‍ എഡിറ്ററെ ഏല്‍പ്പിച്ചു... കഥയുടെ പേര്‌ 'മേനോന്‍ പുരാണം'. ഹാസ്യ കഥ.. എന്ന് എഴുതി ബ്രാക്കറ്റിട്ടു വെച്ചു... പിന്നെ കഥ തന്നെ മറന്നു... വീണ്ടും... പഴയ പരിപാടികളില്‍ മുഴുകി നടന്നു..
അടുത്ത വര്‍ഷമാണു, മാഗസിന്‍ ഇറങ്ങുക. രണ്ടാംവര്‍ഷമായപ്പോഴെക്കും... ഒരു പാടു വളര്‍ന്ന നമ്മള്‍... വളരേ ആധികാരികമായിട്ടു തന്നെ പല സാഹിത്യ ചര്‍ച്ചകളിലും പങ്കെടുത്ത്‌ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി പോന്നു... അങ്ങിനെയിരിക്കുമ്പോഴാണു, ദാ വരുന്നു... മാഗസിന്‍..
കയ്യില്‍ കിട്ടിയപ്പോള്‍ ആദ്യം തന്നെ നോക്കിയത്‌ നമ്മളുടെ രചന വെളിച്ചം കണ്ടോ എന്നാണു... ദാ.. കിടക്കുന്നു...."മേനോന്‍ പുരാണം".. സമാധാനമായി... പെണ്‍പിള്ളേരുടെ മുമ്പിലൊക്കെ ഒരു വെയ്റ്റ്‌ ആയല്ലോ!! അവസാനം എഡിറ്റോറിയല്‍ വായിച്ചപ്പോഴാണു... കഥ വരേണ്ടിയിരുന്നില്ല എന്നു തോന്നിയത്‌...
"ഹാസ്യ കഥ എന്നു പേരിട്ടു, ഹാസ്യത്തിന്റെ മെമ്പൊടി പോലുമില്ലാത്ത പല കൃതികളും..ഉള്‍പ്പെടുത്തേണ്ടി വന്നതിനെ" ക്കുറിച്ചൊക്കെ നന്നായി എഴുതിയിരിക്കുന്നു.... അതോടെ നിര്‍ത്തി... എല്ലാം... കഥ.. സാഹിത്യ ചര്‍ച്ച... എല്ലാം... നമ്മളുടെ പരിധിയില്‍ വരുന്ന പല പെമ്പിള്ളാരുടേയും മുന്‍പില്‍ ചെന്നു പെടാതെ കുറേ നടന്നു...
അന്നൊക്കെ.. അവരുടെ മുന്‍പിലായിരുന്നല്ലോ നമ്മളുടെയൊക്കെ പരസ്യങ്ങള്‍...
പറഞ്ഞു വന്നത്‌.. നമ്മളുടെ സാഹിത്യ പാരമ്പര്യത്തെ കുറിച്ചാണ്‌... അവിടെ നിര്‍ത്തിയത്‌... ഇവിടെ തുടങ്ങുകയാണ്‌... പിന്നെ... ഒരു സമാധാനമുണ്ട്‌... ഇനി പെമ്പിള്ളാരെ പേടിക്കണ്ട... ഇപ്പോഴേ.. ഒരെണം... സഹധര്‍മ്മിണിയാവാന്‍ റെഡിയായി... ഇനി ഒന്നൂടെ വയ്യ...